കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വ സ്മരണയില്‍ ഈജിപ്ത്; 15 ദിവസത്തെ അനുസ്മരണ പരിപാടിയ്ക്കു ആരംഭം

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയ്ക്കു ഈജിപ്തിലെ മിന്യാ രൂപതയില്‍ ആരംഭം.


ഇക്കഴിഞ്ഞ ഫെബ്രുവരി 1-ന് ആരംഭിച്ച അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും ലിബിയന്‍ കടല്‍ത്തീരത്ത് വെച്ച് കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ ധീര രക്തസാക്ഷിത്വത്തെ ആദരിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 15-നാണ് അനുസ്മരണ പരിപാടികള്‍ അവസാനിക്കുക. വിശുദ്ധ കുര്‍ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, പ്രഭാഷണങ്ങള്‍, മ്യൂസിയ സന്ദര്‍ശനം തുടങ്ങിയവയാണ് പരിപാടികളില്‍ ഉള്‍പ്പെടുന്നത്.

രക്തസാക്ഷികളില്‍ ഭൂരിഭാഗം പേരുടേയും ജന്മസ്ഥലമായ അവാര്‍ പട്ടണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍വെച്ചായിരിക്കും പരിപാടിയുടെ സിംഹഭാഗവും നടക്കുക. കൊലചെയ്യപ്പെട്ട രക്തസാക്ഷികളില്‍ 20 ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ്‌ ഉണ്ടായിരുന്നത്. 

21 ക്രൈസ്തവരെയും നിഷ്കരുണം കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇസ്ലാമിക തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. ഈ കൂട്ടക്കൊലക്കെതിരെ ലോകമെമ്പാടുമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രാകൃത സ്വഭാവം ലോകത്തെ കാണിച്ചുകൊടുക്കുന്നതായിരിന്നു ഇതിലെ വീഡിയോ ദൃശ്യങ്ങള്‍.

തങ്ങളുടെ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഈ ധീരരക്തസാക്ഷികള്‍ അഗാധമായ വിശ്വാസമാണ് ലോകത്തെ കാണിച്ചുകൊടുത്തതെന്നും, തങ്ങള്‍ കൊലചെയ്യപ്പെടുന്ന സമയത്ത് പോലും രക്തസാക്ഷികളില്‍ ചിലര്‍ ‘യേശു’ നാമം ഉച്ചരിക്കുന്നത് തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോയില്‍ കാണുവാന്‍ കഴിയുമെന്നും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

“ക്രിസ്ത്യാനികള്‍ മാത്രമായതുകൊണ്ടാണ് അവര്‍ കൊലചെയ്യപ്പെട്ടതെന്നും ‘യേശുവേ സഹായിക്കണമേ’ എന്ന് മാത്രമാണ് അവര്‍ ഉച്ചരിച്ചതെന്നും കൊലചെയ്യപ്പെട്ട നമ്മുടെ ക്രിസ്ത്യന്‍ സഹോദരീ-സഹോദരന്‍മാരുടെ രക്തത്തിന്റെ നിലവിളി കേള്‍ക്കപ്പെടേണ്ടതാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിബിയയുടെ സിര്‍ട്ടെ നഗരത്തിനു സമീപത്തുനിന്നും 2017-ലാണ് ഈ ധീര രക്തസാക്ഷികളെ മറവു ചെയ്തിരുന്ന വലിയ ശവക്കുഴി കണ്ടെത്തിയത്.

Post a Comment

Post a Comment (0)

Previous Post Next Post