പെൺകുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുന്നു; സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതെയാവുന്നു; കുട്ടികളെ ചാവേറുകളായി നിയമിക്കുന്നു;

ആട്ടിൻ തോലണിഞ്ഞ് ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ചെന്നായ്ക്കളുടെ സ്വഭാവം പുറത്തുവരാൻ തുടങ്ങിയതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ് വരുന്നു.
 
മൃദുഭാവം പ്രകടിപ്പിച്ചെത്തിയ രണ്ടാം താലിബാനും ഒന്നാം താലിബാനെക്കാൾ ക്രൂരതയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. സാധാരണക്കാരെ കൊല്ലുന്നതിലും കുട്ടികളേപ്പോലും ചാവേറുകളാക്കുന്നതിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഹനിക്കുന്നതിലും രണ്ടാം താലിബനും ഒട്ടും മോശമല്ലെന്നർത്ഥം

അഫ്ഗാന്റെ നിയന്ത്രണം താലിബാന്റെ കരങ്ങളിൽ എത്തിയ ഉടനെ തന്നെ ധീരവും ധ്രുതവുമായ നടപടികൾ കൈക്കൊള്ളണമെന്ന മനുഷ്യാവകാശ കൗൺസിലിന് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് നിർദ്ദേശം നൽകിയിരുന്നു. 

കൂടുതൽ സൗമ്യമായ മുഖം പ്രദർശിപ്പിക്കാൻ ശ്രമിക്കുമ്പോഴും അഫ്ഗാൻ ജനത താലിബാനെ വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് നാടുവിടാനായി കാബൂൾ വിമാനത്താവളത്തിലെത്തുന്ന അഫ്ഗാൻ പൗരന്മാരുടെ വൻനിര സൂചിപ്പിക്കുന്നത്. 

 ഗ്വണ്ടാനാമോയിലെ തടവുകാരൻ അഫ്ഗാൻ പ്രതിരോധ മന്ത്രിയാകുമ്പോൾ


താലിബാൻ ഭീകരർ അഫ്ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരം കീഴടക്കിയപ്പോൾ ക്യാമറകൾക്ക് മുന്നിൽ ഞെളിഞ്ഞുനിന്ന് താൻ ഗ്വാണ്ടനാമോ ജയിലിൽ തടവുകാരനാണെന്ന് പറഞ്ഞ ഭീകരനെ കുറിച്ച് അന്ന് വാർത്തകൾ വന്നിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിക്കുന്നതിന് നേതൃത്വം നൽകിയ മുല്ലാ അബ്ദുൾ ഖ്വയെം സക്കീർ എന്ന ഭീകരൻ ഇപ്പോൾ അഫ്ഗാന്റെ താത്ക്കാലിക പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുകയാണ്. 

1973- ൽ ജനിച്ച സക്കീർ, അമേരിക്കയുടെ അഫ്ഗാൻ ആക്രമണകാലത്ത് 2001 ലായിരിന്നു പിടിയിലാകുന്നത്. പിന്നീട് തീവ്രവാദികൾക്കായി പ്രത്യേകം നിർമ്മിച്ച ഗ്വാണ്ടനാമോ ജയിലിൽ തടവിലായിരുന്ന ഇയാളെ 2007-ൽ ആണ് ജയിലിൽ നിന്നും മോചിപ്പിക്കുന്നത്. ജയിലിൽ എട്ടാം നമ്പർ തടവുകാരനായിരുന്ന സക്കീർ ഇനിയൊരിക്കലും യുദ്ധമുഖത്തേക്ക് മടങ്ങുകയില്ല എന്ന ഉറപ്പു നൽകിയതിനു ശേഷമാണ് ജയിൽ മോചിതനായത്. എന്നാൽ, ജയിൽ മോചിതനായി അഫ്ഗാനിൽ തിരിച്ചെത്തിയ ഇയാൾ ഹെൽമാൻഡിലെ ഭീകരപ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 

ഇറാനിലെ കുദ്ദ് സൈന്യത്തിന്റെ മേധാവിയായ ഇസ്മയിൽ ഖാനിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് സക്കീർ. അതുകൊണ്ടുതന്നെ ഇറാനിൽ നിന്നും ആധുനിക ആയുധങ്ങൾ താലിബാന് ലഭിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താലിബാൻ ഭരണം പിടിച്ചടക്കുന്നതിനു മുൻപായി അഫ്ഗാൻ സർക്കാരുമായി നടത്തിയ സമാധാന ചർച്ചകളെ നഖശിഖാന്തം എതിർത്ത ഒരു വ്യക്തി കൂടിയാണ് സക്കീർ. 

ഹെല്മാൻഡ് പ്രവിശ്യയിൽ ജനിച്ച സക്കീർ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് അഫ്ഗാനിൽ തിരിച്ചെത്തിയ ഇയാൾ സോവിയറ്റ് അധിനിവേശത്തെ ചെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം മുല്ലാ ഒമറിന്റെ നേതൃത്വത്തിൽ താലിബാൻ ആരംഭിച്ചപ്പോൾ മുതൽ അയാൾ ഇതിലെ സജീവ പ്രവർത്തകനാണ്.

Post a Comment

Post a Comment (0)

Previous Post Next Post